വിമാനത്തിൽ ബീഡി വലിച്ചയാൾ അറസ്റ്റിൽ
text_fieldsബംഗളൂരു: വിമാനത്തിലിരുന്ന് ബീഡി വലിച്ചയാൾ ബംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റിലായി.
രാജസ്ഥാനിലെ മാർവാർ സ്വദേശിയായ 56കാരനാണ് ആകാശ എയറിൽ ബീഡി വലിച്ച് വെട്ടിലായത്. അഹമ്മദാബാദിൽനിന്ന് ബംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നതിനിടെ വിമാനത്തിലെ ശുചിമുറിയിൽ പോയി ബീഡിവലിക്കുകയായിരുന്നു. തുടർന്ന് വിമാന ജീവനക്കാർ ഇയാളെ പിടിച്ചുവെച്ചു.
ബംഗളൂരുവിലെത്തിയതോടെ വിമാനത്താവള പൊലീസിന് ഇയാളെ കൈമാറി. ആദ്യമായാണ് വിമാനത്തിൽ യാത്ര ചെയ്യുന്നതെന്നും പുകവലിക്കാൻ പാടില്ലെന്ന് അറിയില്ലായിരുന്നെന്നും ട്രെയിനിൽ ചെയ്യുന്നതുപോലെ ചെയ്തതാണെന്നും ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി. സഹയാത്രികരുടെ ജീവൻ അപകടത്തിലാക്കാൻ ശ്രമിച്ചതിന് കേസെടുത്തു.

