മംഗളൂരു തുറമുഖം തൊഴിലാളി പണിമുടക്കിൽ നിശ്ചലമായി
text_fieldsപണിമുടക്കിൽ ആളൊഴിഞ്ഞ മംഗളൂരു തുറമുഖം
മംഗളൂരു: നൂറുകണക്കിന് തൊഴിലാളികൾ ടൺകണക്കിന് ചരക്ക് നീക്കത്തിൽ വിയർക്കുന്ന മംഗളൂരു തുറമുഖ മേഖല വ്യാഴാഴ്ച കേന്ദ്ര ട്രേഡ് യൂനിയനുകളുടെ അഖിലേന്ത്യാ പൊതു പണിമുടക്കിനെത്തുടർന്ന് നിശ്ചലമായി.
പ്രധാന വാണിജ്യ കേന്ദ്രങ്ങളിലൊന്നായ ഓൾഡ് പോർട്ട് മൊത്തവ്യാപാര മാർക്കറ്റിലെ ഹമാലി (തല ചുമട്ട്) തൊഴിലാളികൾ ജോലിയിൽനിന്ന് വിട്ടുനിന്നു. തൊഴിലാളികളുടെ അഭാവത്തിൽ സാധാരണയായി തിരക്കുണ്ടാവാറുള്ള മാർക്കറ്റ് വിജനമായിരുന്നു. തൊഴിലാളികളെ ലഭിക്കാത്തതിനാൽ മിക്ക വ്യാപാരികൾക്കും വ്യാപാരം നടത്താനായില്ല. കടകളും വെയർഹൗസുകളും അടഞ്ഞുകിടന്നു. പഴയ തുറമുഖത്തെ ചുമട്ടു തൊഴിലാളികൾ വൻതോതിൽ പ്രതിഷേധത്തിൽ പങ്കുചേർന്നു. ബി.എം.എസ് ശക്തികേന്ദ്രമായി കണക്കാക്കുന്ന മേഖലയിൽ പണിമുടക്കിലൂടെ തൊഴിലാളികൾ മോദി സർക്കാറിന് ശക്തമായ സന്ദേശം നൽകി.

