റോഡരികിൽ കണ്ടെത്തിയ വയോധികന് തണലായി എം.എം.എ
text_fieldsബംഗളൂരു: രണ്ടു മൂന്നു ദിവസമായി റോഡരികിൽ കിടക്കുകയായിരുന്ന മലയാളിയായ വയോവൃദ്ധനെ മലബാർ മുസ്ലിം അസോസിയേഷൻ (എം.എം.എ) പ്രവർത്തകർ ആശുപത്രിലേക്ക് മാറ്റി. സിറ്റി മാർക്കറ്റിലെ ജാമിഅ മസ്ജിദിന് മുന്നിലാണ് ഇയാളെ കണ്ടെത്തിയത്. ശാരീരിക പ്രശ്നങ്ങൾ കാരണം നടക്കാനോ ഇരിക്കാനോ കഴിയാതെ റോഡരികിൽ കിടന്ന് പ്രയാസപ്പെടുകയായിരുന്നു. ഇയാളെ കലാസി പാളയത്തെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തിരുവനന്തപുരം, കാവടിയാർ സ്വദേശിയായ ഇയാളുടെ ബന്ധുക്കളെക്കുറിച്ച് അന്വേഷണം നടത്തിവരുന്നു. ഇദ്ദേഹം നൽകിയ വിവരമനുസരിച്ച് ഇദ്ദേഹത്തിന്റെ പേര് ശ്രീക്കുട്ടിയെന്നും പിതാവിന്റെ പേര് കൃഷ്ണൻ കുട്ടിയെന്നുമാണ്. ബന്ധുക്കളെ കണ്ടെത്താതെ വന്നാൽ കേരളത്തിലെ വൃദ്ധസദനത്തിലേക്ക് അയക്കാനുള്ള ആലോചനയിലാണ് പ്രവർത്തകർ.
കലാസി പാളയം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിട്ടുണ്ട്. വിവരം കിട്ടുന്നവർ 9071120120, 9845351854 നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

