സിദ്ധരാമയ്യ രാജിവെക്കണം -കോൺഗ്രസ് നേതാവ് കോലിവാഡ്
text_fieldsകെ.ബി. കോലിവാഡ്
ബംഗളൂരു: മുഡ അഴിമതി കേസിൽ ആരോപണം നേരിടുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെക്കണമെന്ന ആവശ്യവുമായി മുൻ സ്പീക്കറും കോൺഗ്രസ് മുതിർന്ന നേതാവുമായ കെ.ബി. കോലിവാഡ്.
വിവിധ സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ കർണാടക മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം ബി.ജെ.പി പ്രചാരണായുധമാക്കുമെന്നും അത് കോൺഗ്രസിന് തിരിച്ചടിയാകുമെന്നും കോലിവാഡ് അഭിപ്രായപ്പെട്ടു. ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിഷയം എതിർ പാർട്ടിക്കാർ നമുക്കെതിരെ ഉപയോഗപ്പെടുത്തുന്നു. അത് പാർട്ടിക്ക് ക്ഷീണം ചെയ്യും. മുഖ്യമന്ത്രി സിദ്ധരാമയ്യ രാജിവെച്ച് അന്വേഷണത്തെ നേരിടണം. അദ്ദേഹം കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ മുഖ്യമന്ത്രി പദത്തിൽ തിരിച്ചുവരണം -കോലിവാഡ് പറഞ്ഞു. ഇത് തന്റെ അഭിപ്രായമാണെന്നും പാർട്ടിക്ക് കൂടുതൽ പരിക്കേൽക്കാതിരിക്കാനാണ് ഈ അഭിപ്രായം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

