ബി.ജെ.പി എം.എൽ.എ മുനിരത്നയടക്കം ഏഴുപേർക്കെതിരെ ബലാത്സംഗക്കേസ്
text_fieldsബി.ജെ.പി എം.എൽ.എ എൻ. മുനിരത്ന
ബംഗളൂരു: യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ ബി.ജെ.പി എം.എൽ.എ എൻ. മുനിരത്ന അടക്കം ഏഴുപേർക്കെതിരെ രാമനഗര കഗ്ഗാലിപുര പൊലീസ് കേസെടുത്തു. തുടർച്ചയായി തന്നെ ബലാത്സംഗത്തിനിരയാക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന 40കാരിയുടെ പരാതിയിലാണ് നടപടി. ഒരാഴ്ചക്കിടെ, മുനിരത്നക്കെതിരെ രജിസ്റ്റർ ചെയ്യപ്പെടുന്ന മൂന്നാമത്തെ കേസാണിത്. പട്ടികജാതി-പട്ടിക വർഗക്കാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരം സെപ്റ്റംബർ നാലിന് മുനിരത്ന അറസ്റ്റിലായിരുന്നു. കൈക്കൂലി ആവശ്യപ്പെടുകയും ജീവൻ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ബി.ബി.എം.പി കരാറുകാരൻ നൽകിയ പരാതിയിൽ മുനിരത്നക്കെതിരെ മറ്റൊരു കേസെടുത്തിരുന്നു. ഈ കേസിൽ ബി.ജെ.പി എം.എൽ.എ മുൻകൂർ ജാമ്യം നേടി.
സാമൂഹിക പ്രവർത്തകയായ യുവതിയുടെ പരാതിയിലാണ് ബുധനാഴ്ച മൂന്നാമത്തെ കേസ് രജിസ്റ്റർ ചെയ്തത്. 2020 മുതൽ 2022 വരെയുള്ള കാലയളവിൽ പല തവണ തന്നെ പീഡിപ്പിക്കുകയും കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. മുനിരത്നയെ കൂടാതെ, വിജയ് കുമാർ, സുധാകർ, കിരൺകുമാർ, ലോഹിത് ഗൗഡ, മഞ്ജുനാഥ, ലോകി എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. യുവതിയുടെ സാമൂഹിക പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയ മുനിരത്ന 2020ൽ വാട്സ്ആപ് വഴി പരിചയപ്പെട്ടു. അൽപ ദിവസങ്ങൾക്കുശേഷം ഇരുവരും മുത്യാല നഗറിൽ വെച്ച് കണ്ടുമുട്ടി. പിന്നീട് സൗഹൃദത്തിലായ ഇരുവരും വാട്സ്ആപ് വഴി ചാറ്റ് തുടർന്നു.
വിഡിയോ കാളിൽ നഗ്നയാകാൻ മുനിരത്ന യുവതിയോട് ആവശ്യപ്പെട്ടെങ്കിലും യുവതി നിരസിച്ചു. കുറച്ചു ദിവസങ്ങൾക്കുശേഷം മുത്യാല നഗറിലെ മുനിരത്നയുടെ ഗോഡൗണിലേക്ക് യുവതിയെ വിളിച്ചുവരുത്തി. തനിക്ക് വഴങ്ങിയില്ലെങ്കിൽ വ്യാജ കേസിൽ കുടുക്കുമെന്നും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. മറ്റൊരു യുവതിയെ കൂടെ അയക്കുകയും മുൻ വനിത കോർപറേറ്ററുടെ ഭർത്താവിനെ ഹണിട്രാപ്പിൽ കുടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തെരഞ്ഞെടുപ്പ് സമയത്ത് എതിർ പാർട്ടിയിലെ നേതാവിനെതിരെ അശ്ലീല വിഡിയോ നിർമിക്കാൻ മുനിരത്ന ആവശ്യപ്പെട്ടു.
ചില പൊലീസുകാരെയും ഇത്തരത്തിൽ വിഡിയോ നിർമിച്ച് ബ്ലാക്ക്മെയിൽ ചെയ്തതായും പരാതിയിൽ പറയുന്നു. മുനിരത്നയും കൂട്ടാളികളും സംഘടിപ്പിച്ച ജന്മദിനാഘോഷ പാർട്ടിയിലേക്ക് മുനിരത്ന ആവശ്യപ്പെട്ട മറ്റൊരു യുവതിയെ എത്തിക്കാൻ നിർബന്ധിച്ചതായും പിന്നീട് ആ യുവതിയുമായി മൂന്ന് സ്ഥലങ്ങളിലെ റിസോർട്ടുകളിൽ താമസിച്ച് അവരുടെ സ്വകാര്യ ചിത്രങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു.

