പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ ട്രെയിനിൽ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിനതടവ്
text_fieldsമംഗളൂരു: റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിൻ കോച്ചിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് അഡി. ജില്ല സെഷൻസ് പോക്സോ പ്രത്യേക അതിവേഗ കോടതി 20 വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ബണ്ട്വാൾ താലൂക്കിൽ ഇർവറ്റൂർ ഗ്രാമത്തിലെ അബു താഹിർ എന്ന ശാസിലിനാണ് (27) ജഡ്ജ് കെ.എസ്. മനു ശിക്ഷ വിധിച്ചത്. കഴിഞ്ഞവർഷം ജൂൺ 22നാണ് കേസിനാസ്പദമായ സംഭവം.
സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ പ്രലോഭിപ്പിച്ച് മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ട ട്രെയിനിന്റെ ഒഴിഞ്ഞ കമ്പാർട്ടുമെന്റിൽ പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടി വിവരം നൽകിയതനുസരിച്ച് മാതാവ് പുഞ്ചക്കട്ടെ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സർക്കിൾ ഇൻസ്പെക്ടർ ബി. ശിവകുമാർ, സബ് ഇൻസ്പെക്ടർ എൻ. നാഗേഷ് എന്നിവർ ചേർന്ന് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു.
പിഴത്തുക ഇരക്ക് നൽകാൻ വിധിച്ച കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ നിയമ സഹായ അതോറിറ്റിക്ക് നിർദേശവും നൽകി.

