സീതാറാം യെച്ചൂരി: നഷ്ടമായത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് കരുത്തുപകർന്ന നേതാവ് -റൈറ്റേഴ്സ് ഫോറം
text_fieldsബംഗളൂരു: ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ മതേതര ജനാധിപത്യ സഖ്യം കെട്ടിപ്പടുത്തുകൊണ്ട് ഫാഷിസത്തിന്റെ മുന്നേറ്റത്തിനെതിരെ ചെറുത്തുനിൽപ്പ് സാധ്യമാക്കാൻ പടപൊരുതിയ ശക്തനും ധിഷണാശാലിയുമായ നേതാവായിരുന്നു സീതാറാം യെച്ചൂരിയെന്ന് ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ്സ് ഫോറം പ്രസിഡന്റ് ടി.എ. കലിസ്റ്റസ്, സെക്രട്ടറി മുഹമ്മ് കുനിങ്ങാട് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. സംശുദ്ധ രാഷ്ട്രീയ ജീവിതത്തിന്റെ സിംഹഭാഗവും അധഃസ്ഥിതർക്കും അധ്വാനിക്കുന്നവർക്കുമായി നീക്കിവെച്ച യെച്ചൂരി, അന്താരാഷ്ട്ര വിഷയങ്ങളിൽ പോലും വ്യക്തവും, വിട്ടുവീഴ്ചയില്ലാത്തതുമായ നിലപാടുകൾ സ്വീകരിച്ച വിപ്ലവകാരിയെന്ന നിലയിൽ രാജ്യം എന്നും ഓർമിക്കുന്ന വ്യക്തിത്വമായി അവശേഷിക്കും.
ഭരണഘടന പൗരന് നൽകുന്ന സ്വാതന്ത്ര്യം ഉറപ്പുവരുത്താൻ പടപൊരുതുന്ന മതേതര ചേരിക്ക് സീതാറാം യെച്ചൂരിയുടെ വിയോഗം തീരാനഷ്ടമാണെന്നും റൈറ്റേഴ്സ് ഫോറം ചൂണ്ടിക്കാട്ടി.

