ബഹിരാകാശ ദിനം: ആഘോഷത്തിന് ഐ.എസ്.ആർ.ഒ ഒരുക്കം; ലോഗോ ക്ഷണിച്ചു
text_fieldsബംഗളൂരു: ആദ്യ ദേശീയ ബഹിരാകാശ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾക്ക് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) ഒരുക്കം തുടങ്ങി. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ-മൂന്ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്ലാൻഡിങ് നടത്തിയ അഭിമാന സ്മരണയിലാണ് ദേശീയ ബഹിരാകാശദിനമായി രാജ്യം ആഘോഷിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് 23നായിരുന്നു സോഫ്റ്റ്ലാൻഡിങ് നടന്നത്. രാജ്യവ്യാപകമായി ആഘോഷങ്ങളും ശാസ്ത്രപരിപാടികളും സംഘടിപ്പിക്കാൻ ഐ.എസ്.ആർ.ഒ തീരുമാനിച്ചിട്ടുണ്ട്.
‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു; ഇന്ത്യയുടെ ബഹിരാകാശ കഥ’ എന്നതാണ് ഇത്തവണത്തെ ബഹിരാകാശ ദിനത്തിന്റെ ഉള്ളടക്കം. ഐ.എസ്.ആർ.ഒ.യുടെ ആഘോഷപരിപാടികളിൽ പൊതുജനങ്ങൾക്കും പങ്കാളികളാകാൻ അവസരമുണ്ട്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ ബഹിരാകാശ നേട്ടങ്ങൾ ഉൾക്കൊള്ളുന്ന ലോഗോ രൂപകൽപന ചെയ്യാൻ ഐ.എസ്.ആർ.ഒ പൊതുജനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. മേയ് 20നുമുമ്പായി ലോഗോ അയക്കണം.
[email protected] എന്ന വിലാസത്തിൽ അയക്കാം. ചന്ദ്രയാൻ-3, ആദിത്യ എൽ-1 തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കിയത് സമീപകാലത്ത് ഐ.എസ്.ആർ.ഒ.യുടെ അഭിമാന നേട്ടങ്ങളാണ്. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഗഗൻയാൻ ദൗത്യത്തിനുള്ള പരീക്ഷണങ്ങൾ വിജയകരമായി നടപ്പാക്കിയതും ഇക്കാലയളവിലാണ്. എക്സ്പോസാറ്റ്, ഇൻസാറ്റ് തുടങ്ങിയ ഉപഗ്രഹങ്ങളും ഈ വർഷം ഐ.എസ്.ആർ.ഒക്ക് വിക്ഷേപിക്കാൻ സാധിച്ചു.

