സ്ക്രാച്ച് ജീൻസിട്ടതിന് പരിഹാസം: യുവാവ് ജീവനൊടുക്കാൻ ശ്രമിച്ചു
text_fieldsമംഗളൂരു: സ്ക്രാച്ച് ജീൻസ് ധരിച്ച യുവാവ് സുഹൃത്തുക്കളുടെ അതിരുവിട്ട പരിഹാസത്തെത്തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചു. ബെല്‍ത്തങ്ങടി പനകജെയിലെ ഷാഹിലാണ് (21) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരനിലയില്‍ ആശുപത്രിയിലുള്ളത്. നഗരത്തിലേക്ക് സ്ക്രാച്ച് ജീൻസ് ധരിച്ച് ഇറങ്ങിയ ഷാഹിലിന്റെ ജീൻസിന്റെ കീറിയ ഭാഗം സുഹൃത്തുക്കള്‍ ചേർന്ന് ബലം പ്രയോഗിച്ച് തുന്നുകയായിരുന്നു. ഒരാള്‍ ഷാഹിലിന്റെ കൈകള്‍ പിറകില്‍നിന്ന് പിടിച്ചുവെച്ചിരുന്നു. മറ്റൊരാള്‍ ചാക്ക് തുന്നുന്ന സൂചിയും നൂലും ഉപയോഗിച്ച് ജീൻസിന്റെ കീറിയ ഭാഗങ്ങള്‍ തുന്നി. ഇത് മറ്റൊരു സുഹൃത്ത് മൈാബൈലില്‍ പകർത്തുകയും വിവരണങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.
ഇതില്‍ മനംനൊന്ത് ഷാഹില്‍ വിഷം കഴിക്കുകയായിരുന്നു. അസ്വാഭാവിക ശബ്ദം മുറിക്കുള്ളില്‍ നിന്ന് കേട്ടതോടെയാണ് വീട്ടുകാർ വിഷം കഴിച്ച് അവശനിലയില്‍ ഷാഹിലിനെ കണ്ടെത്തിയത്. ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ ബെല്‍ത്തങ്ങടി പൊലീസ് സുഹൃത്തുക്കളായ ഷബീർ, അനീഷ്, സലീം എന്നിവർക്കെതിരെ കേസെടുത്തു.

