ആനന്ദാണ് ശരിക്കും ‘പുലി’!
text_fieldsആനന്ദ് പുലിയെ പിടികൂടുന്ന ദൃശ്യം, ആനന്ദ്
ബംഗളൂരു: നാട് വിറപ്പിച്ച പുള്ളിപ്പുലിയെ വാലില്‍ പിടിച്ച് ചുഴറ്റി യുവാവ് വലയിലാക്കി. തുമകൂരുവിൽ എ.വി. ആനന്ദാണ് (40) വനപാലകർക്കും ഭീതിയിലാണ്ട ഗ്രാമവാസികൾക്കും ഇടയിൽ ധീരതയുടെ ആൾരൂപമായത്. ഗ്രാമം ദിവസങ്ങളായി പുള്ളിപ്പുലി ഭീതിയിലായിരുന്നു. പിടികൂടാൻ കഴിയാത്ത വനംവകുപ്പ് നാട്ടുകാരുടെ സഹകരണത്തോടെ കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. പുലിയാവട്ടെ വളർത്തു മൃഗങ്ങളെ ഇരുട്ടിൽ ആക്രമിച്ച് വിലസി. കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തില്‍ പ്രത്യക്ഷപ്പെട്ട പുലിയെ നാട്ടുകാർ വളഞ്ഞു. വനം ഉദ്യോഗസ്ഥരും സംഭവസ്ഥലത്തെത്തി.
എന്നാല്‍, അവർ പേടി കാരണം പുലിയോടടുത്തില്ല. അതേസമയം, ഗ്രാമവാസിയായ ആനന്ദ് പിന്നിലൂടെ പതുങ്ങിയെത്തി വാലില്‍ പിടിത്തമിട്ട് പുലിയെ ചുഴറ്റി. ഈ അവസരം മുതലെടുത്ത് വനം ഉദ്യോഗസ്ഥർ പുലിയെ വലകൊണ്ട് മൂടി കെണിയിലാക്കി. പുലി വലയിലായി എന്നുറപ്പിക്കുന്നതു വരെ ആനന്ദ് വാലിലെ പിടിവിട്ടില്ല. പുലിയെ പിന്നീട് വനം അധികൃതർ സമീപത്തെ വനത്തില്‍ തുറന്നുവിട്ടു.

