ഗുണ്ടൽപേട്ടിൽ യുവാവിനെ കടുവ ആക്രമിച്ചു
text_fieldsഗുണ്ടൽപേട്ടിലെ കൃഷിയിടത്തിൽ കടുവയുടെ സാന്നിധ്യമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയപ്പോൾ
ബംഗളൂരു: ചാമരാജ് നഗറിനടുത്തുള്ള ഹൊലയാനപുര വില്ലേജിൽ കർഷക യുവാവിനെ കടുവ ആക്രമിച്ചു. മനു (22) എന്ന യുവാവിനാണ് പരിക്കേറ്റത്. ബന്ദിപ്പൂർ വനാതിർത്തിക്കു സമീപമുള്ള ഗ്രാമമായ ഇവിടെ വാഴത്തോട്ടത്തിൽ കണ്ട കടുവയെ വനം വകുപ്പ് കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമിക്കുന്നത് കണ്ട് ജനം തടിച്ചുകൂടിയിരുന്നു.
രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജനക്കൂട്ടത്തിനു നേരെ തിരിഞ്ഞ കടുവ യുവാവിനെ ആക്രമിക്കുകയായിരുന്നു. കഴുത്തിനും ഇടത് കൈക്കും പരിക്കേറ്റ യുവാവിനെ ഗുണ്ടൽപേട്ട് ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവ് അപകടാവസ്ഥ തരണം ചെയ്തു.

