ബൈക്കിടിച്ച് പുലിക്ക് പരിക്ക്
text_fieldsബംഗളൂരു: രാമനഗര -മാഗഡി റോഡിൽ പുള്ളിപ്പുലിയുടെ ദേഹത്ത് ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ പുലിക്കും ബൈക്ക് യാത്രികനും പരിക്കേറ്റു. കുടുരു സ്വദേശി കുമാറിന്റെ ബൈക്കാണ് ഇടിച്ചത്.
സാവനദുർഗ വനമേഖലയിലെ ജോഡുഗട്ടയിലൂടെയുള്ള റോഡ് മുറിച്ചുകടക്കാൻ പുള്ളിപ്പുലി ശ്രമിക്കുമ്പോഴായിരുന്നു അപകടം. ബൈക്കിടിച്ച പുള്ളിപ്പുലി തെറിച്ചുവീണു. നിയന്ത്രണംവിട്ട ബൈക്കും മറിഞ്ഞു. സാരമായ പരിക്കേറ്റ പുലി അൽപസമയത്തിനുശേഷം വനത്തിനകത്തേക്ക് ഇഴഞ്ഞുനീങ്ങി. പുലിയെ കണ്ടെത്തി ചികിത്സ ലഭ്യമാക്കുമെന്ന് സ്ഥലത്തെത്തിയ വനം ഉദ്യോഗസ്ഥർ പറഞ്ഞു.
കാലിന് സാരമായി പരിക്കേറ്റ കുമാറിനെ ആദ്യം മാഗഡി ഗവ. ആശുപത്രിയിലും തുടർന്ന് വിദഗ്ധചികിത്സക്കായി ബംഗളൂരു വിക്ടോറിയ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

