ട്രാക്ടർ ഘട്ടപ്രഭ നദിയിൽ വീണ് ഒരാളെ കാണാതായി
text_fieldsഘട്ടപ്രഭ നദിയിൽ ട്രാക്ടർ മറിഞ്ഞുണ്ടായ അപകടം
ബംഗളൂരു: നിറഞ്ഞൊഴുകിയ ഘട്ടപ്രഭ നദിയിൽ വീണ ട്രാക്ടറിലെ യാത്രക്കാരിൽ ഒരാളെ കാണാതായി. 12 പേരെ രക്ഷപ്പെടുത്തി. ബെളഗാവിയിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെളഗാവി മേഖലയിൽ തുടർച്ചയായി ലഭിച്ച മഴയിൽ ഘട്ടപ്രഭ നദി കരകവിഞ്ഞിരുന്നു.
ഇതോടെ മുദലഗി താലൂക്കിലെ നന്ദഗാവ് അവരഡി വില്ലേജിലെ ബ്രിഡ്ജ് കം ബാരേജ് പൂർണമായും വെള്ളത്തിൽ മുങ്ങി. വെള്ളം നിറഞ്ഞൊഴുകുന്ന പാലത്തിലൂടെ ട്രാക്ടർ നദി മുറിച്ചുകടക്കുന്നതിനിടെ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. 12 പേർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഒരാൾ കുത്തൊഴുക്കിൽ കാണാതായി. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ തുടരുകയാണ്. കുൽഗൊഡ പൊലീസ് കേസെടുത്തു.

