തോക്കും വെടിയുണ്ടകളുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ യുവാക്കൾ
മംഗളൂരു: തോക്കും വെടിയുണ്ടകളുമായി രണ്ട് പേരെ മംഗളൂരു സിറ്റി സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് അസ്ഗർ (26), അബ്ദുൽ നിസാർ (29) എന്നിവരാണ് അറസ്റ്റിലായത്.
കർണാടക തലപ്പാടിയിലെ പിലിക്കൂർ ഭാഗത്ത് രണ്ടുപേർ കറുത്ത കാറിൽ തോക്കുമായി കറങ്ങുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. രണ്ട് തോക്കുകൾ, വെടിയുണ്ടകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തു.
സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടിയിലായ മുഹമ്മദ് അസ്ഗറിനെതിരെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിൽ എട്ട് കേസുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പൊലീസ് കമീണർ അനുപം അഗർവാളിന്റെ നിർദേശ പ്രകാരം സിസിബി എ.സി.പി ഗീത കുൽക്കർണിയുടെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ശ്യാം സുന്ദർ, എസ്.ഐ എം.വി. സുധീപ്, സി.സി.ബി ഉദ്യോഗസ്ഥർ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

