കാമുകിയെ വിരട്ടിയ ഭാര്യയെ സയനൈഡ് നൽകി കൊലപ്പെടുത്തി
text_fieldsശ്വേത, ഭർത്താവ് ദർശൻ
ബംഗളൂരു: ചിക്കമഗളൂരുവിൽ യുവാവ് ഭാര്യയെ സയനൈഡ് കലർത്തിയ ആഹാരം നൽകി കൊന്നു. ഗോണിബീഡു സ്റ്റേഷൻ പരിധിയിലെ ദേവവൃന്ദ ഗ്രാമത്തിൽ വി.എൻ. ദർശന്റെ ഭാര്യ ശ്വേതയാണ് (25) കൊല്ലപ്പെട്ടത്. ഭർത്താവ് ദർശനെ (28) പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം സംബന്ധിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ദർശനും ശ്വേതയും മൂന്നു വർഷം മുമ്പ് പ്രേമിച്ച് വിവാഹിതരായതാണ്. ഈയിടെ യുവാവ് മറ്റൊരു യുവതിയുമായി പ്രണയത്തിലായി. ഇത് മനസ്സിലാക്കിയ ശ്വേത ഭർത്താവിന്റെ കാമുകിയെ വിളിച്ച് വിരട്ടുകയും ബന്ധം തുടരരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഇതറിഞ്ഞതിനെത്തുടർന്ന് ദർശൻ ഭാര്യയെ ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകി കൊലപ്പെടുത്തുകയായിരുന്നു. ഭാര്യയുടേത് ആത്മഹത്യയാണെന്ന് ഇയാൾ നാട്ടുകാരേയും രക്ഷിതാക്കളേയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു.

