യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊന്നു കത്തിച്ചു
text_fields1)കൊല്ലപ്പെട്ട ഡയമണ്ണ 2) അറസ്റ്റിലായ നേത്രാവതി, സോമപ്പ
ബംഗളൂരു: കൊപ്പൽ താലൂക്കിലെ ബൂഡഗുമ്പ ഗ്രാമത്തിൽ യുവതി കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഡയമണ്ണ വജ്രബന്ദിയാണ് (36) കൊല്ലപ്പെട്ടത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ നേത്രാവതി (31), കാമുകൻ സോമപ്പ (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ ആഴ്ച ആദ്യമാണ് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കൊപ്പൽ റൂറൽ സബ് ഡിവിഷനു കീഴിലുള്ള മുനീറാബാദ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണത്തിൽ മൃതദേഹം ബൂഡഗുമ്പ നിവാസിയായ ഡയമണ്ണയുടേതാണെന്ന് കണ്ടെത്തി. പ്രതികൾ ഡയമണ്ണയെ ഒരു കൃഷിയിടത്തിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയും മൃതദേഹം ബൈക്കിൽ ആറ് കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിക്കുകയുമായിരുന്നു.
വടിയും പെട്രോളും വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെടുത്തതായി കൊപ്പൽ പൊലീസ് സൂപ്രണ്ട് ഡോ. റാം എൽ. അരസിദ്ദി വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രതികൾ തമ്മിലുള്ള വിവാഹേതര ബന്ധം തുടരാനാണ് കൊല നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ബൈക്കും ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

