മോദി കുംഭകര്‍ണനെ പോലെ ഉറങ്ങിയെന്ന് മായാവതി
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു വര്‍ഷം കുംഭകര്‍ണനെ പോലെ ഉറങ്ങുകയായിരുന്നുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. ഗോ സംരക്ഷണത്തിന്റെ പേരില്‍ രാജ്യത്ത് അക്രമങ്ങൾ നടത്തുന്നവര്‍ക്കെതിരെ കഴിഞ്ഞ ദിവസം മോദി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മായാവതി. ദലിത് വിഭാഗങ്ങള്‍ക്കെതിരെ രണ്ടു വര്‍ഷമായി നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ പ്രധാനമന്ത്രി ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍, ഉത്തര്‍പ്രദേശില്‍ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇപ്പോള്‍ പ്രസ്താവനകള്‍ നടത്തുകയാണ്. എത്ര പ്രസ്താവനകള്‍ നടത്തിയാലും ഒരു ദലിത് വോട്ട് പോലും ബി.ജെ.പിക്ക് ലഭിക്കില്ലെന്ന് മോദിക്ക് അറിയാമെന്നും മായാവതി വ്യക്തമാക്കി.
ഗുജറാത്തില്‍ ദലിത് യുവാക്കളെ സംഘ്പരിവാര്‍ ഗോ സംരക്ഷകര്‍ കെട്ടിയിട്ട് മര്‍ദിച്ചത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന യു.പിയിലടക്കം ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായ പശ്ചാത്തലത്തിലാണ് മോദി പ്രസ്താവന ഇറക്കിയത്. ഗോ സംരക്ഷകരോട് തനിക്ക് വെറുപ്പാണെന്നും ഗോ സംരക്ഷണം കച്ചവടമാക്കി മാറ്റിയവര്‍ക്കെതിരെ എല്ലാ സംസ്ഥാനങ്ങളും കര്‍ശന നടപടി സ്വീകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
