കാർ ബൈക്കിലിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു
text_fieldsഉമറുൽ ഫാറൂഖ്
കിളികൊല്ലൂർ: കരിക്കോട്ട് കാർ ബൈക്കിലിടിച്ച് കോളജ് വിദ്യാർഥി മരിച്ചു. പെരുമൺ എൻജിനീയറിങ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥി കുറ്റിച്ചിറ പുത്തൻവിള വീട്ടിൽ ഉമറുൽ ഫാറൂഖ് (20) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ കോളജിലേക്ക് പോകുംവഴി കരിക്കോട് പഴയ ബസ് സ്റ്റാൻഡിന് സമീപം കൊല്ലത്തേക്ക് പോകുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ഫാറൂഖിന് തലക്ക് ഗുരുതര പരിക്കേറ്റു. നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വിദേശത്തുള്ള പിതാവ് ചൊവാഴ്ച നാട്ടിലെത്തിയശേഷം സിയറത്തുംമൂട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കിളികൊല്ലൂർ പൊലീസ് കേസെടുത്തു. പിതാവ്: ജലാലുദ്ദീൻ. മാതാവ്: ഷാനി. സഹോദരി: ഹാജിറ.

