ആദിത്യ വിക്ഷേപണം നാളെ
text_fieldsബംഗളൂരു: സൗരപഠനത്തിനുള്ള ഐ.എസ്.ആർ.ഒയുടെ ആദ്യ ബഹിരാകാശ ദൗത്യം ആദിത്യ എൽ- വൺ വിക്ഷേപണത്തിനൊരുങ്ങി. പി.എസ്.എൽ.വി- സി 57 റോക്കറ്റിലേറി രാവിലെ 11.50ന് ആദിത്യ കുതിക്കും. ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയിലേക്ക് റോക്കറ്റ് മാറ്റി.
സൂര്യന്റെ പ്രവർത്തനങ്ങളെക്കുറിച്ചും സൂര്യനുചുറ്റുമുള്ള പ്ലാസ്മ കാലാവസ്ഥയെ പറ്റിയും വിവരം ശേഖരിക്കാൻ ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ലാഗ് റേഞ്ചിയൻ പോയന്റ് വൺ - എൽ വണ്ണിലെ ഹാലോ ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ എത്തിക്കുക.
സൂര്യന്റെ ചൂടുള്ള ബാഹ്യ അന്തരീക്ഷമായ കൊറോണയെയും ഫോട്ടോസ്ഫിയർ, ക്രോമോസ്ഫിയർ എന്നീ പാളികളെയും നിരീക്ഷിക്കാനായി ഏഴ് പരീക്ഷണ ഉപകരണങ്ങൾ ഘടിപ്പിച്ച, 1500 കിലോ ഭാരമുള്ള പേടകം 127 ദിവസം സഞ്ചരിച്ച് ഹാലോ ഭ്രമണപഥത്തിലെത്തും. ഇതിന്റെ റിഹേഴ്സൽ പൂർത്തിയായതായി ഐ.എസ്.ആർ.ഒ അറിയിച്ചു.

