അൽ നിയാദി ഇന്ന് ചരിത്രനടത്തത്തിനിറങ്ങുന്നു
text_fieldsദുബൈ: അറബ് ലോകത്തെ ആദ്യ ദീർഘകാല ബഹിരാകാശ യാത്രികൻ സുൽത്താൻ അൽ നിയാദി ഇന്ന് ചരിത്ര നടത്തത്തിനിറങ്ങുന്നു. വെള്ളിയാഴ്ച വൈകീട്ട് 5.15ന് ബഹിരാകാശത്ത് കാലെടുത്തുവെക്കുന്നതോടെ ബഹിരാകാശത്ത് നടക്കാനിറങ്ങുന്ന ആദ്യ അറബ് സഞ്ചാരിയെന്ന പകിട്ട് യു.എ.ഇയുടെ സുൽത്താൻ നിയാദിക്ക് സ്വന്തമാകും. വൈകീട്ട് 4.30 മുതൽ http://mbrsc.ae/live വഴി തത്സമയ സംപ്രേഷണമുണ്ടാകും.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തിറങ്ങി ആറര മണിക്കൂർ അന്തരീക്ഷത്തിൽ അദ്ദേഹം ചെലവഴിക്കും. നാസയുടെ ബഹിരാകാശ യാത്രികനായ സ്റ്റീഫൻ ബോവനൊപ്പമാണ് അൽ നിയാദി ബഹിരാകാശത്ത് ചരിത്ര നടത്തത്തിന് ഇറങ്ങുക. ഇരുവരും പുറത്തിറങ്ങുമ്പോൾ ബഹിരാകാശ നിലയത്തിന്റെ സയൻസ് ലബോറട്ടറിയുടെ പുറംഭാഗത്ത് സ്ഥാപിച്ച കമ്യൂണിക്കേഷൻ ഹാർഡ്വെയർ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തിയാക്കും.
നാസയുടെ ബഹിരാകാശയാത്രികരായ വുഡി ഹോബർഗും ഫ്രാങ്ക് റൂബിയോയും ഇരുവരെയും ബഹിരാകാശ സ്യൂട്ടുകളിൽ കയറുന്നതിനും ഇറങ്ങുന്നതിനും സഹായിക്കുകയും അവരുടെ ബഹിരാകാശ നടത്തം നിരീക്ഷിക്കുകയും ചെയ്യും.
1998ൽ ബഹിരാകാശ നിലയം സ്ഥാപിച്ച ശേഷം ഇതുവരെ 259 ബഹിരാകാശയാത്രികർ മാത്രമാണ് ബഹിരാകാശത്ത് ഒഴുകിനടന്നിട്ടുള്ളത്. 700ൽ താഴെ ബഹിരാകാശ നടത്തങ്ങളാണ് ആകെ നടന്നിട്ടുള്ളത്. നാസയാണ് അൽ നിയാദിയെ ദൗത്യത്തിന് തിരഞ്ഞെടുത്തത്. 2018 മുതൽ വിവിധ തലങ്ങളിൽ സ്പേസ് വാക്കിനായി അൽ നിയാദി പരിശീലനം നടത്തുന്നുണ്ട്. നിയാദിയുടെ നടപ്പിന് ഒരുക്കം പൂർത്തിയായതായി മുഹമ്മദ് ബിൻ റാശിദ് സ്പേസ് സെന്റർ അറിയിച്ചു.

