വൈപർ ഉപേക്ഷിച്ച് ‘നാസ’
text_fieldsഅമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്നു ‘വൈപർ’. ചന്ദ്രനിലെ ജലസ്രോതസ്സുകളെക്കുറിച്ച് പഠിക്കാനായി തയാറാക്കിയ പദ്ധതിയായിരുന്നു ‘വൈപർ’. ഇതൊരു റോവർ ആണ്. 2023 നവംബറിൽ വിക്ഷേപിക്കുമെന്നായിരുന്നു നാസ ആദ്യം അറിയിച്ചത്. എന്നാൽ, സാങ്കേതിക തകരാറിനെ തുടർന്ന് വിക്ഷേപിക്കാനായില്ല. പിന്നീട്, പലകുറി വിക്ഷേപണം നിശ്ചയിച്ചുവെങ്കിലും പദ്ധതി യാഥാർഥ്യമായില്ല. ഏറ്റവുമൊടുവിൽ, 2025 സെപ്റ്റംബറിൽ വിക്ഷേപിക്കാനാണ് തീരുമാനിച്ചത്. എന്നാൽ, ഇതിനിടയിൽ പദ്ധതി തന്നെയും ഉപേക്ഷിച്ചതായി നാസ അറിയിച്ചു. വലിയ സാമ്പത്തിക ബാധ്യതയാണ് കാരണമായി പറയുന്നത്. ‘വൈപറി’നായി തയാറാക്കിയ നിരീക്ഷണോപകരണങ്ങൾ മറ്റു പദ്ധതികൾക്കായി ഉപയോഗിക്കുമെന്നും നാസ അറിയിച്ചു.

