Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തിലക് വെടിക്കെട്ട് (56 പന്തിൽ 107*); ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ

text_fields
bookmark_border
തിലക് വെടിക്കെട്ട് (56 പന്തിൽ 107*); ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
cancel

സെഞ്ചൂറിയൻ: തിലക് വർമയുടെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ട്വന്‍റി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു.

ഓപ്പണർ അഭിഷേക് ശർമ അർധ സെഞ്ച്വറി നേടി. ട്വന്‍റി20 ക്രിക്കറ്റിലെ ആദ്യ സെഞ്ച്വറിയാണ് സെഞ്ചൂറിയനിൽ തിലക് വർമ കുറിച്ചത്. 56 പന്തിൽ 107 റൺസെടുത്ത് താരം പുറത്താകാതെ നിന്നു. ഏഴു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്. പ്രോട്ടീസ് ബൗളർമാരെ ഗ്രൗണ്ടിന്‍റെ തലങ്ങും വിലങ്ങും പായിച്ച തിലക് 32 പന്തിൽ അർധ സെഞ്ച്വറിയും അടുത്ത 19 പന്തിൽ സെഞ്ച്വറിയിലെത്തുകയും ചെയ്തു.

മലയാളി താരം സഞ്ജു സാംസൺ തുടർച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി. മാർക്കോ ജാൻസൺ എറിഞ്ഞ ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ താരത്തിന്‍റെ കുറ്റി തെറിച്ചു. രണ്ടാം മത്സരത്തിലും ജാൻസന്‍റെ ആദ്യ ഓവറിൽ താരം റണ്ണൊന്നും എടുക്കാതെ ബൗൾഡാകുകയായിരുന്നു. ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടി താരം വലിയ പ്രതീക്ഷ നൽകിയിരുന്നു. കലണ്ടർ വർഷം രാജ്യാന്തര ട്വന്‍റി20യിൽ അഞ്ചാം തവണയാണ് സഞ്ജു പൂജ്യത്തിന് പുറത്താകുന്നത്. രണ്ടാം വിക്കറ്റിൽ അഭിഷേകും തിലക് വർമയും ചേർന്ന് സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി. 44 പന്തിൽ 107 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. 25 പന്തിൽ 50 റൺസെടുത്ത അഭിഷേകിനെ കേശവ് മഹാരാജിന്‍റെ പന്തിൽ ഹെൻറിച് ക്ലാസൻ സ്റ്റമ്പ് ചെയ്ത് പുറത്താക്കി.

പിന്നാലെ ക്രീസിലെത്തിയ നായകൻ സൂര്യകുമാർ വീണ്ടും നിരാശപ്പെടുത്തി. നാലു പന്തിൽ ഒരു റണ്ണെടുത്ത് താരം മടങ്ങി. ആൻഡിൽ സിമെലന്‍റെ പന്തിൽ മാർകോ ജാൻസന് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. ഹാർദിക് പാണ്ഡ്യ 16 പന്തിൽ 18 റൺസെടുത്ത് കേശവിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. 13 പന്തിൽ എട്ടു റൺസെടുത്ത് റിങ്കു സിങ് സിമെലന്‍റെ പന്തിൽ ബൗൾഡായി. അരങ്ങേറ്റ മത്സരം കളിക്കുന്ന രമൺദീപ് സിങ് നേരിട്ട ആദ്യ പന്ത് തന്നെ സിക്സ് പറത്തിയാണ് വരവറിയിച്ചത്. ആറു പന്തിൽ 15 റൺസെടുത്ത് താരം റണ്ണൗട്ടാകുകയായിരുന്നു. ഒരു റണ്ണുമായി അക്സർ പട്ടേൽ പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കക്കായി ആൻഡിൽ സിമെലൻ, കേശവ് മഹാരാജ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മാർകോ ജാൻസൻ ഒരു വിക്കറ്റും നേടി. തുടർച്ചയായ മൂന്നാം ട്വന്‍റി20 മത്സരത്തിലും ടോസ് ഭാഗ്യം തുണച്ച ദക്ഷിണാഫ്രിക്ക, ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആവേശ് ഖാന് പകരമാണ് രമൺദീപ് പ്ലെയിങ് ഇലവനിലെത്തിയത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമാണ്. പ്രോട്ടീസ് ടീമിലും ഒരു മാറ്റമുണ്ട്. പീറ്ററിനു പകരം ലൂത്തോ സിപംല ടീമിലെത്തി. നാലു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഒപ്പമാണ്. ഇന്ന് ജയിക്കുന്നവർക്ക് പരമ്പര നഷ്ടപ്പെടാതെ നോക്കാം.

ടീം ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ, റിങ്കു സിങ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിങ്, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയ്, അർഷ്ദീപ് സിങ്

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - India vs South Africa 3rd T20
Next Story