
വരവറിയിച്ച് രാജസ്ഥാൻ; ഹൈദരാബാദിനെതിരെ വമ്പൻ ജയം
text_fieldsപുണെ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ രാജസ്ഥാൻ റോയൽസിന് 61 റൺസിന്റെ കൂറ്റൻ വിജയം. സ്കോർ: രാജസ്ഥാൻ റോയൽസ് - 210/7, സൺറൈസേഴ്സ് ഹൈദരാബാദ് - 149/7.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ യുസ്വേന്ദ്ര ചഹൽ, രണ്ട് വീതം വിക്കറ്റ് നേടിയ ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ എന്നിവ ബൗളിങ് മികവാണ് ഹൈദരാബാദ് ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. ഹൈദരാബാദിന്റെ ആദ്യ നാല് ബാറ്റ്സ്മാൻമാർ രണ്ടക്കം കാണും മുമ്പേ പുറത്തായി. ഐദൻ മർക്രാം (57*), വാഷിങ്ടൺ സുന്ദർ (40) എന്നിവരുടെ ബാറ്റിങ്ങാണ് വലിയ തോൽവിയിൽനിന്നും ഹൈദരാബാദിനെ രക്ഷിച്ചത്.
നേരത്തെ, മലയാളി താരങ്ങളായ സഞ്ജു സാംസണും (27 പന്തിൽ 55) ദേവ്ദത്ത് പടിക്കലും (29 പന്തിൽ 44) തകർത്തടിച്ചതോടെയാണ് രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ നേടാനായത്. ജോസ് ബട്ലർ (28 പന്തിൽ 35), ഷിംറോൺ ഹെറ്റ്മെയർ (13 പന്തിൽ 32), യശസ്വി ജയ്സ്വാൾ (16 പന്തിൽ 20), റിയാൻ പരാഗ് (9 പന്തിൽ 12 നോട്ടൗട്ട്) എന്നിവരും തിളങ്ങി. ഹൈദരാബാദ് നിരയിൽ ഉംറാൻ മാലികും ടി. നടരാജനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഭുവനേശ്വർ എറിഞ്ഞ ആദ്യ ഓവറിൽ പരുങ്ങിയ ബട്ലർ സ്ലിപ്പിൽ ക്യാച്ച് നൽകിയെങ്കിലും നോബാൾ രക്ഷയായി. പിന്നീട് താളം കണ്ടെത്തിയ താരം മൂന്നു വീതം സിക്സും ഫോറുമടിച്ചു. ആറു ഓവറിൽ 50 കടന്നശേഷം ഓപണർമാർ മടങ്ങിയെങ്കിലും മൂന്നാമതായി ഇറങ്ങിയ നായകൻ സഞ്ജുവും നാലാമതായി ക്രീസിലെത്തിയ ദേവ്ദത്തും ചേർന്ന് 41 പന്തിൽ 73 റൺസാണ് അടിച്ചുകൂട്ടി.
തകർപ്പൻ ഫോമിലായിരുന്ന സഞ്ജു അഞ്ചു സിക്സും മൂന്നു ഫോറും നേടി. സ്ഥിരം പൊസിഷനായ ഓപണിങ്ങിൽനിന്ന് മാറി നാലമത് ഇറങ്ങേണ്ടിവന്നിട്ടും പതറാതെ കളിച്ച ദേവ്ദത്ത് രണ്ടു സിക്സും നാലു ഫോറും നേടി. അവസാനഘട്ടത്തിൽ മൂന്നു സിക്സും രണ്ടു ഫോറുമായി ഹെറ്റ്മെയറാണ് സ്കോർ 200 കടത്തിയത്.
