വനിത പ്രീമിയർ ലീഗ്; തോറ്റുതോറ്റ് ബാംഗ്ലൂർ
text_fieldsമുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വീണ്ടും തോൽവി. ഡൽഹി കാപിറ്റൽസ് ആറു വിക്കറ്റിനാണ് സ്മൃതി മന്ദാനയുടെ സംഘത്തെ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റിന് 150 റൺസെടുത്തു. രണ്ടു പന്ത് ബാക്കിനിൽക്കെ നാലു വിക്കറ്റ് നഷ്ടത്തിൽ കാപിറ്റൽസ് 154 റൺസ് നേടി ലക്ഷ്യംകണ്ടു.
24 പന്തിൽ 38 റൺസെടുത്ത ആലിസ് കാപ്സിയാണ് ടോപ് സ്കോറർ. 32 പന്തിൽ 32 റൺസുമായി മാരിസാൻ കാപും 15 പന്തിൽ 29 റൺസടിച്ച് ജെസ് ജൊനാസനും പുറത്താവാതെ നിന്നു. ജെമിമ റോഡ്രിഗസ് 28 പന്തിൽ 32 റൺസ് സ്കോർ ചെയ്ത് മടങ്ങി. നേരത്തേ, 52 പന്തിൽ 67 റൺസ് നേടി പുറത്താവാതെ നിന്ന എലീസ് പെരിയുടെ പ്രകടനമാണ് ബാംഗ്ലൂരിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. അഞ്ചിൽ അഞ്ചു മത്സരങ്ങളും ഇവർ തോറ്റു.

