സിറ്റിക്ക് തോൽവി, ലിവർപൂളിന് സമനില, ചെൽസിക്ക് ജയം
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വമ്പൻ ടീമുകൾക്ക് സമ്മിശ്ര വികാരങ്ങളുടെ ദിനം. മുമ്പന്മാരായ ചെൽസി വിജയവുമായി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി തോൽവി ഏറ്റുവാങ്ങി. കരുത്തരായ ലിവർപൂൾ സമനില വഴങ്ങുകയും ചെയ്തു. മോശം തുടക്കത്തിനുശേഷം ടോപ് ഫൈവിലേക്ക് തിരിച്ചെത്തിയ ആഴ്സനലും ജയം കണ്ടെത്തി.
ചെൽസി 3-0ത്തിന് ന്യൂകാസിലിനെയാണ് തകർത്ത്. റീസ് ജെയിംസ് രണ്ടു ഗോൾ നേടിയപ്പോൾ ജോർജീന്യോ പെനാൽറ്റിയിലൂടെ ലക്ഷ്യം കണ്ടു. 10 കളകികളിൽ 25 പോയൻറാണ് ചെൽസിക്ക്. 22 പോയൻറുമായി രണ്ടാമതുള്ള ലിവർപൂൾ ബ്രൈറ്റണിനോട് 2-2നാണ് സമനില വഴങ്ങിയത്. ജോർഡൻ ഹെൻഡേഴ്സൺ, സാദിയോ മാനെ എന്നിവരിലൂടെ 2-0ത്തിന് മുന്നിലെത്തിയശേഷമായിരുന്നു ലിവർപൂൾ സമനിലയിൽ കുടുങ്ങിയത്. എനോക് മുവേപു, ലിയാൻഡ്രോ ട്രൊസാർഡ് എന്നിവരിലൂടെയായിരുന്നു ബ്രൈറ്റണിെൻറ തിരിച്ചുവരവ്.

20 പോയൻറുമായി മൂന്നാമതുള്ള സിറ്റി ക്രിസ്റ്റൽ പാലസിനോട് 2-0ത്തിനാണ് തോറ്റത്. വിൽഫ്രഡ് സാഹ, കോണോർ ഗാല്ലഗർ എന്നിവരായിരുന്നു പാലസിെൻറ സ്കോറർമാർ. ഡിഫൻഡർ അയ്മറിക് ലാപോർട്ടെ ആദ്യപകുതിയുടെ അവസാനം ചുവപ്പുകാർഡ് കണ്ട് പുറത്തായത് സിറ്റിക്ക് തിരിച്ചടിയായി. ലെസ്റ്റർ സിറ്റിയെ 2-0ത്തിന് കീഴടക്കിയ ആഴ്സനൽ 17 പോയൻറുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. ഗബ്രിയേൽ, എമിൽ സ്മിത്ത് റോവ് എന്നിവരുടെ ഗോളിലാണ് ഗണ്ണേഴ്സ് ലെസ്റ്ററിെൻറ കഥ കഴിച്ചത്.

