മൊബൈൽ ആപ് വഴി വിസക്ക് അപേക്ഷിക്കാം
text_fieldsദുബൈ: ദുബൈയിൽ ഫേസ് ഐ.ഡി ഉപയോഗിച്ച് മൊബൈൽ ആപ്ലിക്കേഷൻ വഴി വിസക്ക് അപേക്ഷിക്കാനുള്ള സംവിധാനം വരുന്നു. ദുബൈയിൽ പുരോഗമിക്കുന്ന ജൈടെക്സ് പ്രദർശനത്തിലാണ് അധികൃതർ ഇതുസംബന്ധിച്ച സൂചന നൽകിയത്. നിലവിൽ ഈ സംവിധാനം ദുബൈയിലെ വിമാനത്താവളങ്ങളിൽ ഉപയോഗിക്കുന്നുണ്ട്.
വ്യക്തികളുടെ മുഖം തിരിച്ചറിയുന്ന ഫേഷ്യൽ ബയോമെട്രിക് റെക്കഗ്നീഷ്യൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ദുബൈ താമസകുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) നൽകുന്ന മുഴുവൻ സേവനങ്ങളും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഡയറക്ടർ ഫാത്തിമ സീലം അൽ മസ്റൂഈയെ ഉദ്ധരിച്ച് യു.എ.ഇ ദേശീയ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പദ്ധതി പൂർത്തിയാകുന്നതോടെ ജി.ഡി.ആർ.എഫ്.എയുടെ മൊബൈൽ ആപ്ലിക്കേഷനിൽ ഫേസ് ഐ.ഡി ഉപയോഗിച്ച് വിസക്ക് അപേക്ഷിക്കാം. വീട്ടിൽ നിന്നുതന്നെ വിസ, എൻട്രി പെർമിറ്റ് നടപടികൾ പൂർത്തിയാക്കാൻ അവസരം ലഭിക്കും. പാസ്പോർട്ടോ എമിറേറ്റ്സ് ഐ.ഡിയോ തിരിച്ചറിയൽ രേഖയായി സമർപ്പിക്കേണ്ടതില്ല എന്നതാണ് ഈ സാങ്കേതിക വിദ്യ നൽകുന്ന സൗകര്യം.
നിലവിൽ ദുബൈ വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റുകളിൽ മുഖം തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാസ്പോർട്ട് പോലുമില്ലാതെ എമിഗ്രേഷൻ നടപടി പൂർത്തിയാക്കുന്ന സംവിധാനമാണിത്. ജി.ഡി.ആർ.എഫ്.എ മൊബൈൽ ആപ്പിൽ എന്നുമുതൽ ഈ സൗകര്യം ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

