18 വയസിന് താഴെയുള്ളവർക്ക് ചിത്രങ്ങൾ സേർച്ചിൽ നിന്നും ഒഴിവാക്കാം; മാർഗവുമായി ഗൂഗ്ൾ
text_fieldsവാഷിങ്ടൺ: കൗമാരക്കാരുടേയും കുട്ടികളുടേയും സുരക്ഷ മുൻനിർത്തി കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കാനൊരുങ്ങി ഗൂഗ്ൾ. പ്രായപൂർത്തിയാകാത്തവരുടെ ഡിജിറ്റൽ ഫൂട്ട്പ്രിന്റ് കുറക്കുകയാണ് ഗൂഗ്ളിന്റെ ലക്ഷ്യം. ഇതിന്റെ ആദ്യപടിയായി ഗൂഗ്ളിന്റെ സേർച്ച് റിസൽറ്റുകളിൽ നിന്നും കുട്ടികളുടെ ചിത്രങ്ങൾ ഒഴിവാക്കും. ഇതിനായി കുട്ടികൾക്ക് നേരിട്ട് ഗൂഗ്ളിന് അപേക്ഷ നൽകാം. അല്ലെങ്കിൽ രക്ഷിതാക്കൾ വഴിയും ഇത്തരമൊരു ആവശ്യം ഉന്നയിക്കാം.
വെബ്സൈറ്റിൽ നിന്നും ചിത്രങ്ങൾ പൂർണമായും ഒഴിവാക്കില്ല. എന്നാൽ, സേർച്ച് റിസൽറ്റിൽ നിന്നും ഇവ മാറ്റിനിർത്തും. ഇത് കുട്ടികൾക്ക് കൂടുതൽ സ്വകാര്യത നൽകുമെന്നാണ് ഗൂഗ്ളിന്റെ വാദം. നിലവിൽ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഗൂഗ്ളിൽ അക്കൗണ്ട് ഉണ്ടാക്കാൻ അനുമതിയില്ല.
നേരത്തെ കൂടുതൽ സുരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പ്ലേ സ്റ്റോറിൽ ഗൂഗ്ൾ പുതിയ നയം അവതരിപ്പിച്ചിരുന്നു. കുടുംബങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ആപുകളെ കുറിച്ച് വിവരം നൽകുന്ന നയമാണ് ഗൂഗ്ൾ അവതരിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ചിത്രങ്ങൾ സേർച്ചിൽ നിന്നും ഒഴിവാക്കാനുള്ള നീക്കവും ഗൂഗ്ൾ നടത്തുന്നത്.

