അഫ്ഗാനിലും പാകിസ്താനിലും ഭൂചലനം; ജമ്മുകശ്മീരിലും നേരിയ ചലനം
text_fieldsന്യൂഡൽഹി: അഫ്ഗാനിസ്താനിലും, പാകിസ്താനിലും ഭൂചലനം. റിക്ടർ സ്കെയിലിൽ 5.0 ആണ് തീവ്രത രേഖപ്പെടുത്തിയത്. അഫ്ഗാനിസ്താനിലെ ഹിന്ദുക്കുഷ് പ്രവിശ്യ, പാകിസ്താനിലെ ഖൈബർ പഷ്തൂൺവാല, ഇസ് ലാമാബാദിനടുത്ത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഭൂചലനമുണ്ടായത്. ജമ്മുകശ്മീരിലെ പൂഞ്ചിലും ചെറിയ ചലനം അനുഭവപ്പെട്ടു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. അഫ്ഗാനിസ്താൻ-തജികിസ്താൻ അതിർത്തിയിലാണ് ഭൂകമ്പത്തിൻെറ പ്രഭവ കേന്ദ്രം.
പഷ്തൂൺവാലയിലെ പെഷവാർ, മലാകന്ദ്, മാൻസെഹ്റ, ഹരിപൂർ, അബോട്ടാബാദ് എന്നിവിടങ്ങളിലാണ് ചലനമുണ്ടായതെന്ന് ഡോൺ ഓൺലൈൻ റിപ്പോർട്ട് ചെയ്തു. ആറുദിവസത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് പാകിസ്താനിലും അഫ്ഗാനിലും ഭൂചലനം റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ശനിയാഴ്ച ദിന്ദുക്കുഷ് പ്രവിശ്യയിൽ ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്കെയിലിൽ 5.8 ആണ് തീവ്രത രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ പാകിസ്താനിലും അഫ്ഗാനിസ്താനിലുമുണ്ടായ ഭൂചലനത്തിൽ 300 പേർ മരിച്ചിരുന്നു. 7.5 ആയിരുന്നു ഈ ചലനത്തിൻെറ തീവ്രത.
