'ആർ.എസ്.എസും വി.എച്ച്.പിയും ഇവിടെ വേണ്ട'; നിരോധനം ആവശ്യപ്പെട്ട് ആസ്ട്രേലിയൻ സെനറ്റർ
text_fieldsകാൻബെറ: തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളായ രാഷ്ട്രീയ സ്വയംസേവക സംഘത്തെയും വിശ്വഹിന്ദു പരിഷത്തിനെയും ആസ്ട്രേലിയയിൽ നിരോധിക്കണമെന്ന ആവശ്യവുമായി സെനറ്റർ രംഗത്ത്. ന്യൂ സൗത്ത് വെയിൽസ് സെനറ്റർ ഡേവിഡ് ഷോബ്രിഡ്ജ് ആണ് നിരോധനം ആവശ്യപ്പെട്ടിരിക്കുന്നത്.
തീവ്ര ഹിന്ദുത്വ വാദികൾ ആസ്ട്രേലിയയിൽ സിഖ് സമൂഹത്തിനെതിരെ നടത്തുന്ന ആക്രമങ്ങൾ സ്റ്റേറ്റ് അസംബ്ലിയിൽ പരാമർശിക്കുകയായിരുന്നു അദ്ദേഹം. ഇൗ ഹിന്ദുത്വ നവ നാസികൾ സർക്കാറിെൻറ കണ്ണിൽപെട്ടിട്ടുണ്ടോ എന്നും അവരെ എന്താണ് ചെയ്യാൻ ഉദ്ദേശ്യമെന്നും ഡേവിഡ് അസംബ്ലിയിൽ ചോദിച്ചു. അടുത്തിടെതന്നെ രാജ്യത്തെ സിഖുകാർക്കെതിരെ തീവ്ര ഹിന്ദുക്കളുടെ നിരവധി അക്രമങ്ങൾ അരങ്ങേറിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തേ നാഗ്പുരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ച ആസ്ട്രേലിയൻ ഹൈകമീഷണർ രാജ്യത്തിന് നാണക്കേടാണെന്ന് മുൻ ആസ്ട്രേലിയൻ സെനറ്റർ ലീ റിയന്നൻ പ്രതികരിച്ചിരുന്നു. നവംബർ 15നാണ് ആസ്ട്രേലിയൻ ഹൈകമീഷണണർ ബാരി ഓ ഫെറൽ ആർ.എസ്.എസ് തലവൻ മോഹൻ ഭാഗവതിനെ സന്ദർശിച്ചത്.
''ആർ.എസ്.എസ് ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾകൊണ്ട് വംശീയ ആശയത്തിനും തീവ്ര ഹിന്ദുത്വത്തിനും വേണ്ടി നിലകൊണ്ടുന്നവരാണ്''- 2011 മുതൽ 2018 വരെ ന്യൂ സൗത്ത് വെയിൽസിനെ പ്രതിനിധീകരിച്ച സെനറ്റർ റിയന്നോൻ പറഞ്ഞു.

