കോവിഡ് നയം: ചൈനയിൽ അപൂർവ പ്രതിഷേധം
text_fieldsImage: BBC
ബെയ്ജിങ്: മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന റിപ്പോർട്ടുകൾക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനും സർക്കാറിന്റെ കർശന സീറോ-കോവിഡ് നയത്തിനുമെതിരെ ബെയ്ജിങ്ങിൽ അപൂർവ പ്രതിഷേധം. ഭരണകക്ഷിയായ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സി.പി.സി) 20ാമത് കോൺഗ്രസ് ഒക്ടോബർ 16ന് നടക്കാനിരിക്കുകയാണ്. ചൈനീസ് തലസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള പ്രധാന പാതയുടെ മേൽപാലത്തിലായിരുന്നു പ്രതിഷേധം.
സീറോ-കോവിഡ് നയത്തിൽ നീരസം പ്രകടിപ്പിക്കുന്ന ബാനറുകളുടെ ചിത്രം വ്യാഴാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഷിയുടെ ജനപ്രീതിയില്ലാത്ത സീറോ-കോവിഡ് നയത്തിനും സ്വേച്ഛാധിപത്യ ഭരണത്തിനുമെതിരെയായിരുന്നു ജനരോഷം. രാഷ്ട്രീയ പ്രതിഷേധം അപൂർവമായ ചൈനയിൽ പ്രക്ഷോഭം പടരാതിരിക്കാൻ ബെയ്ജിങ്ങിലെ നിരവധി മേൽപാലങ്ങളിൽ പൊലീസിനെ വിന്യസിച്ചിരുന്നു. കർശന കോവിഡ് നിയന്ത്രണം പിൻവലിക്കുന്നത് ചൈന വ്യാഴാഴ്ച തള്ളിക്കളഞ്ഞിരുന്നു.

