ഐ.എസിലേക്ക് പോയ യുവതിക്ക് തിങ്കളാഴ്ച്ച ശിക്ഷ വിധിക്കും
text_fieldsലണ്ടന്‍: ഐ.എസില്‍ ചേര്‍ന്ന ബ്രിട്ടീഷ് യുവതിക്ക് തിങ്കളാഴ്ച്ച കോടതി ശിക്ഷ വിധിക്കും. ഭീകര സംഘടനയായ ഐ.എസില്‍ അംഗമായി എന്നതാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. 26 കാരിയായ തരീന ഷക്കീല്‍ 2014 ഒകടോബറിലാണ് ഐസില്‍ ചേരാന്‍ വേണ്ടി കുഞ്ഞുമായി സിറിയയിലേക്ക് കടന്നത്. ശേഷം ബ്രിട്ടനിലേക്ക് തിരികെ വരുന്ന വഴിയില്‍ ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വിചാരണ വേളയില്‍ ഇവര്‍ കുറ്റം നിഷേധിക്കുകയും ഇസ്ലാമിക നിയമങ്ങള്‍ക്കു കീഴില്‍ ജീവിക്കാനുള്ള ആഗ്രഹമുള്ളതുകൊണ്ടാണ് താന്‍ സിറിയയിലേക്ക് യാത്ര ചെയ്തത് എന്നുമായിരുന്നു യുവതി പറഞ്ഞത്. എന്നാല്‍ ഇവരുടെ വാദം പോലീസ് നിഷേധിച്ചു. കൃത്യമായ ഉദ്ദേശ്യത്തോടെയാണ് ഇവര്‍ സിറിയയിലേക്ക് പോയതെന്നും അവിടെ തോക്കുമായും ഐസിന്റെ മുഖം മൂടി ധരിച്ചും നില്ക്കുന്ന ഫോട്ടോ അവരുടെ ഫോണില്‍ നിന്ന് കണ്ടത്തെിയിട്ടുണ്ടെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
തരീന സിറിയയിലേക്ക് കടക്കുന്നതിനു മുമ്പ് ഐ.എസില്‍ ചേരുന്നതിനു വേണ്ടി ട്വിറ്ററിലൂടെ ആളുകളെ ക്ഷണിച്ചുവെന്നും ബ്രിട്ടീഷ് പോലീസ് പറഞ്ഞു. ഐ.എസില്‍ ആകൃഷ്ടരായി സിറിയയിലേക്ക് കടക്കുന്ന യുവതികളുടെ എണ്ണം വര്‍ദ്ധിച്ചു വരുകയാണ്. കഴിഞ്ഞ വര്‍ഷം 56 പേരാണ് സംഘര്‍ഷ മേഖലയിലേക്ക് കടന്നത്.
