ബൈഡന്റെ വസതിയിൽ എഫ്.ബി.ഐ റെയ്ഡ്; വീണ്ടും രഹസ്യ രേഖകൾ കണ്ടെത്തി
text_fieldsവാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വസതിയിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിൽ വീണ്ടും രഹസ്യ രേഖകൾ കണ്ടെത്തി. ഡെലവേറിലെ വീട്ടിൽനിന്നാണ് ആറു രഹസ്യ രേഖകൾ ലഭിച്ചതെന്നും പ്രസിഡന്റിന്റെ ചില കുറിപ്പുകളും കണ്ടെടുത്തിട്ടുണ്ടെന്നും ജോ ബൈഡന്റെ അഭിഭാഷകൻ വ്യക്തമാക്കി.
വെള്ളിയാഴ്ച എഫ്.ബി.ഐ കണ്ടെടുത്ത രേഖകൾ സെനറ്റ് അംഗമായിരുന്ന കാലം മുതൽ വൈസ് പ്രസിഡന്റായിരുന്ന സമയം വരെയുള്ളതാണ്. 13 മണിക്കൂർ പരിശോധന നീണ്ടുനിന്നതായും ബൈഡന്റെ അഭിഭാഷകൻ ബോബ് ബോയർ പറഞ്ഞു. ബൈഡന്റെ മറ്റു വസതികളിലും ഓഫിസുകളിലും എഫ്.ബി.ഐ പരിശോധന നടത്താനുള്ള സാധ്യതയുമുണ്ട്.
ആഴ്ചകൾക്കിടെ മൂന്നാം പ്രാവശ്യവും രഹസ്യ രേഖ കണ്ടെത്തിയതോടെ ജോ ബൈഡൻ പ്രതിരോധത്തിലായിട്ടുണ്ട്. തന്റെ വസതി പരിശോധിക്കാൻ ജോ ബൈഡൻ എഫ്.ബി.ഐയെ ചുമതലപ്പെടുത്തുകയായിരുന്നു.

