ഹാപ്പി ന്യൂ ഇയർ പറഞ്ഞ് പുഞ്ചിരിച്ച്, യു.എസ് തടവറയിലും കൂസലില്ലാതെ മദുറോ
text_fieldsവാഷിങ്ടൺ: യു.എസ് തടവറയിലും കൂസലില്ലാതെ വെനേസ്വലൻ പ്രസിഡന്റ് നികളസ് മദുറോ. വെനസ്വേലൻ പ്രസിഡന്റിന്റെ യു.എസ് തടവറയിൽ നിന്നുള്ള ഏറ്റവും പുതിയ വിഡിയോ പുറത്തു വന്നു. യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷൻ ഓഫീസിന്റെ അകത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്.
63കാരനായ നികാളസ് മദുറോ വിലങ്ങണിഞ്ഞാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. കറുത്ത ഹൂഡിയണിഞ്ഞ അദ്ദേഹം സമീപത്തുള്ള പട്ടാളക്കാരോട് ഹാപ്പി ന്യൂ ഇയർ പറയുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റൊരു വിഡിയോയിൽ മദുറോയും ഭാര്യയും യു.എസിലേക്ക് വരുന്ന ദൃശ്യങ്ങളും ഉൾപ്പെടുന്നു.
ശനിയാഴ്ച പുലർച്ചെ മദുറോയെയും ഭാര്യയെയും യു.എസ് സേന ബന്ദിയാക്കിയത്. തുടർന്ന് യു.എസ് സൈനിക ഹെലികോപ്റ്ററിൽ കരീബിയൻ കടലിൽ ഉണ്ടായിരുന്ന യു.എസ്.എസ് ഇവോ ജിമ വിമാനവാഹിനി കപ്പലിലേക്ക് മാറ്റി. ശേഷം ഗ്വാണ്ടനാമോയിലെ അമേരിക്കൻ നാവിക കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നിന്ന് പ്രത്യേക വിമാനത്തിൽ മദുറോയെയും ഭാര്യയെയും ന്യൂയോർക്കിലെ സ്റ്റിവാർട്ട് എയർ നാഷനൽ ഗാർഡ് ബേസിൽ എത്തിക്കുകയായിരുന്നു.
പ്രാദേശിക സമയം ശനിയാഴ്ച പുലർച്ചെയാണ് വെനിസ്വേല തലസ്ഥാനമായ കറാക്കസിൽ യു.എസ് അധിനിവേശമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ കറാക്കസിൽ നടന്ന ആക്രമണം അര മണിക്കൂർ മാത്രമാണ് നീണ്ടത്. ഏഴിടത്ത് സ്ഫോടന ശബ്ദം കേട്ടതോടെ ജനങ്ങൾ പരിഭ്രാന്തിയിലായിരുന്നു. ഹെലികോപ്ടറുകൾ താഴ്ന്ന് പറന്നതായി ദൃക്സാക്ഷികൾ പറയുന്നു. പിന്നീട്, മണിക്കൂറുകൾക്ക് ശേഷം കരയാക്രമണം നടത്തുകയായിരുന്നു. സാധാരണക്കാരെയും സൈന്യത്തെയും യു.എസ് ആക്രമിച്ചെന്നും പല തവണ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കറാക്കസ് നിവാസികൾ മാധ്യമങ്ങളെ അറിയിച്ചു.

