ചരക്കു കപ്പലിൽ ഹൂതി മിസൈൽ ആക്രമണം
text_fieldsചെങ്കടലിലെ ചരക്ക് കപ്പലിന് മുകളിൽ ഹൂത്തി സൈനിക ഹെലികോപ്റ്റർ. 2023 നവംബർ 20-ന് പുറത്തുവിട്ട ചിത്രം
സൻആ: സംഘർഷ മേഖലയായി തുടരുന്ന ചെങ്കടലിൽ ഏദൻ തീരത്ത് തിങ്കളാഴ്ച വൈകീട്ട് അമേരിക്കൻ ചരക്കുകപ്പലിനുനേരെ ഹൂതി മിസൈൽ ആക്രമണം. അമേരിക്കയിലെ കണേറ്റിക്കട്ട് ആസ്ഥാനമായ കമ്പനിക്ക് കീഴിലുള്ള ഈഗിൾ ജബ്രാൾട്ടർ എന്ന കപ്പലിനുനേരെയാണ് ആക്രമണം നടന്നത്.
ഗസ്സ അതിക്രമത്തിൽ ഇസ്രായേലിന് പിന്തുണയേകി ചെങ്കടലിൽ റോന്തുചുറ്റുന്ന പടക്കപ്പൽ യു.എസ്.എസ് ലബൂണിനുനേരെ ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം 4.45ഓടെ ഹൂതികൾ മിസൈൽ തൊടുത്തിരുന്നു. എന്നാൽ, ലക്ഷ്യത്തിലെത്തും മുമ്പേ ഹുദൈദ തീരത്തുവെച്ച് അമേരിക്കൻ യുദ്ധവിമാനങ്ങൾ മിസൈൽ തകർത്തതായി യു.എസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഗസ്സയിൽ ആക്രമണം തുടരുന്നതിൽ പ്രതിഷേധിച്ച് ഇസ്രായേലിലേക്കുള്ള കപ്പലുകൾക്കുനേരെ ഹൂതികളുടെ ആക്രമണത്തെത്തുടർന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം നാളുകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ഹൂതി സൈനിക കേന്ദ്രങ്ങളിൽ കഴിഞ്ഞയാഴ്ച വ്യോമാക്രമണം നടത്തിയിരുന്നു. എന്നാൽ, ഇസ്രായേൽ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടൽ ആക്രമണം നിർത്തില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുസ്സലാം ആവർത്തിച്ചു.

