നേപ്പാൾ പ്രധാനമന്ത്രിയുടെ ഇന്ത്യാസന്ദർശനം മാറ്റി
text_fieldsകാഠ്മണ്ഡു: നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദാഹൽ പ്രചണ്ഡയുടെ ഇന്ത്യ സന്ദർശനം വീണ്ടും മാറ്റി. അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടി ഉൾപ്പെടെ ആഭ്യന്തര കാരണങ്ങളാലാണ് സന്ദർശനം മാറ്റിയത്. ജൂണിന് മുമ്പ് സന്ദർശനം ഉണ്ടാകില്ലെന്നാണ് സൂചന. ആഭ്യന്തര കാരണങ്ങളാൽ രണ്ടാം തവണയാണ് പ്രചണ്ഡയുടെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിലാണ് മൂന്നാം തവണയും പ്രധാനമന്ത്രിയായി അദ്ദേഹം ചുമതലയേറ്റത്. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് മേയ് അവസാനം അവതരിപ്പിക്കുന്നതിനുള്ള തിരക്കിലാണ് നേപ്പാൾ സർക്കാറെന്നും പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം അതിനുശേഷമേ ഉണ്ടാകൂ എന്നും മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

