കാനഡയിലെ മുഴുവൻ ഹിന്ദുക്കളും മോദിയെ പിന്തുണക്കുന്നില്ല -ജസ്റ്റിൻ ട്രൂഡോ
text_fieldsജസ്റ്റിൻ ട്രൂഡോ
ഓട്ടവ: കാനഡയിൽ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. എന്നാൽ, മുഴുവൻ സിഖ് സമൂഹവും അവരെ പ്രതിനിധീകരിക്കുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണക്കുന്ന ഹിന്ദുക്കളുണ്ട് കാനഡയിൽ. എന്നാൽ, മുഴുവൻ ഹിന്ദുക്കളും ഇന്ത്യൻ പ്രധാനമന്ത്രിയെ പിന്തുണക്കുന്നില്ലെന്നും ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഓട്ടവ പാർലമെന്റ് മന്ദിരത്തിൽ നടന്ന ദീപാവലി ആഘോഷച്ചടങ്ങിനിടെ, ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് കനേഡിയൻ പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.
ഇന്ത്യയും കാനഡയും തമ്മിൽ നയതന്ത്ര പ്രതിസന്ധി നിലനിൽക്കുന്നതിനിടെയാണ് ട്രൂഡോയുടെ പ്രസ്താവന. കാനഡയിൽ ഖലിസ്ഥാനികളുടെ സാന്നിധ്യമുണ്ടെന്ന് ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഇതാദ്യമായാണ് ഇക്കാര്യം പരസ്യമായി സമ്മതിച്ച് ട്രൂഡോ രംഗത്തെത്തുന്നത്. ഹർദീപ് സിങ് നിജ്ജാർ വധത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് 2023 സെപ്റ്റംബറിൽ ട്രൂഡോ ആരോപിച്ചതിനെ തുടർന്നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തുടർന്ന്, ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു.

