ജി20 ഉച്ചകോടിക്ക് എത്തിയാൽ പുടിനെ അറസ്റ്റ് ചെയ്യില്ല -ബ്രസീൽ
text_fieldsവ്ലാദിമിർ പുടിൻ
റിയോ ഡെ ജനീറോ: അടുത്തവർഷം റിയോ ഡെ ജനീറോയിൽ നടക്കുന്ന ജി20 ഉച്ചകോടിക്ക് എത്തിയാൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെ അറസ്റ്റ് ചെയ്യില്ലെന്ന് ബ്രസീൽ പ്രസിഡന്റ് ലൂലാ ഡ സിൽവ.
യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനിൽക്കുന്നതിനാലാണ് പുടിൻ ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കാത്തത് എന്നാണ് വിലയിരുത്തൽ. വിദേശകാര്യമന്ത്രി സെർജി ലാവ്റോവാണ് പുടിനെ പ്രതിനിധീകരിച്ച് ഉച്ചകോടിയിൽ പങ്കെടുത്തത്.
അടുത്ത വർഷത്തെ ജി20 ഉച്ചകോടിക്ക് പുടിനെ ക്ഷണിക്കുമെന്നും താൻ പ്രസിഡന്റായ ബ്രസീലിൽ അറസ്റ്റ് ഭയമില്ലാതെ അദ്ദേഹത്തിന് എത്താമെന്നും ലൂലാ ഡ സിൽവ പറഞ്ഞു. നൂറുകണക്കിന് കുട്ടികളെ അനധികൃതമായി യുക്രെയ്നിൽനിന്ന് കടത്തിയെന്നാണ് പുടിനെതിരായ പ്രധാന ആരോപണം. ആരോപണങ്ങൾ റഷ്യ നിഷേധിച്ചിട്ടുണ്ട്.

