ന്യൂ മെക്സിക്കോയിൽ വെടിവെപ്പ്; മൂന്നുപേർ കൊല്ലപ്പെട്ടു
text_fieldsലാസ് ക്രൂസിസ്: യു.എസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലെ ലാസ് ക്രൂസിസിലെ യങ് പാർക്കിലുണ്ടായ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10ഓടെയാണ് സംഭവം. 200ഓളം പേർ പങ്കെടുത്ത അനധികൃത കാർ പ്രദർശന പരിപാടിക്കിടെ ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 16കാരനും 19കാരായ രണ്ടുപേരുമാണ് കൊല്ലപ്പെട്ടത്. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് ലാസ് ക്രൂസിസ് പൊലീസ് മേധാവി ജെറെമി സ്റ്റോറി പറഞ്ഞു. ജീവനക്കാരുടെ കുറവ് കാരണം പ്രദേശത്ത് പൊലീസ് സാന്നിധ്യവും കുറവായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ പറഞ്ഞു.

