ബലൂചിസ്താനിൽ സായുധാക്രമണത്തിൽ 12 പാക് സൈനികർ കൊല്ലപ്പെട്ടു
text_fieldsഇസ്ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലുണ്ടായ രണ്ട് സായുധാക്രമണങ്ങളിലായി 12 സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ഏഴ് തീവ്രവാദികളും കൊല്ലപ്പെട്ടു. ബലൂചിസ്താനിലെ സുയി, സോബ് മേഖലകളിലാണ് ആക്രമണം. അഞ്ച് സൈനികർക്ക് പരിക്കുണ്ട്.
സുയി മേഖലയിൽ അജ്ഞാതനായ തോക്കുധാരി സുരക്ഷ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സൈനികർ കൊല്ലപ്പെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വെടിവെപ്പിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
സോബിൽ സൈനിക കേന്ദ്രത്തിനുനേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ ഒമ്പത് സൈനികരും അഞ്ച് ഭീകരരും കൊല്ലപ്പെട്ടു. ഭീകരരും സേനയും തമ്മിലുള്ള വെടിവെപ്പിനിടെ ഇതുവഴി സഞ്ചരിക്കുകയായിരുന്ന സ്ത്രീ കൊല്ലപ്പെട്ടു. അഞ്ച് സാധാരണക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. സോബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം തഹ്രീകെ ജിഹാദ് പാകിസ്താൻ എന്ന പുതിയ സംഘടന ഏറ്റെടുത്തിട്ടുണ്ട്. ആക്രമണങ്ങളെ ബലൂചിസ്താൻ മുഖ്യമന്ത്രി അബ്ദുൽ ഖുദ്ദൂസ് ബിസെൻജോ അപലപിച്ചു.

